കർണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് കൊറോണ പോസിറ്റീവ്

ബംഗലൂരു : കർണാടകയിലെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സിദ്ധരാമയ്യ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി യെദ്യൂരപ്പയും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. യെദ്യൂരപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇദ്ദേഹത്തിന്റെ മകളും രോഗം ബാധിച്ച് ചികിത്സയിലാണ്.

നിലവിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനുമുൾപ്പെടെയുള്ള നാല് പൊതു പ്രവർത്തകർക്കാണ് കര്‍ണ്ണാടകയില്‍ രോഗം ബാധിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ, തുടങ്ങി രാജ്യത്തെ മുൻനിര രാഷ്ട്രീയ നേതാക്കൾക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.