ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികമായ ഓഗസ്റ്റ് 4, 5 തീയതികളിൽ ശ്രീനഗറിൽ കർഫ്യൂ ഏർപ്പെടുത്താൻ ഭരണകൂടം ഉത്തരവിട്ടു. ഓഗസ്റ്റ് 5 ന് പല വിഭാഗങ്ങളും കരിദിനമായി ആചരിക്കാനായി തീരുമാനിച്ചതായുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊതുജീവിതത്തിനും സ്വത്തിനും അപകടമുണ്ടാക്കുന്ന അക്രമപരമായ പ്രതിഷേധങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും ഉണ്ടെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
കൊറോണ പോസിറ്റീവ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയാനായി സമ്മേളനങ്ങളും ആളുകളുടെ ഒത്തുചേരൽ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇൗ ഒരു ഘട്ടത്തിൽ ഇത്തരം ശ്രമങ്ങൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ കർഫ്യു ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മെഡിക്കൽ ആവശ്യങ്ങൾക്കും പാസ്, വാലിഡ് കാർഡ് എന്നിവ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും കൊറോണ ഡ്യൂട്ടിയിൽ ഉള്ളവരെയും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും. നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പോലിസ് സ്റ്റേഷൻ പരിധിയിലും ഓരോ മജിസ്ട്രേട്ടിനെയും ചുമതലപ്പെടുത്തും.