എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരനും ഐപിഎസ്

കോഴിക്കോട്∙ എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരനും ഐപിഎസ്. ചൈത്രയുടെ സഹോദരൻ ഡോക്ടർ ജോർജ് അലൻ ജോണിന് സിവിൽ സർവീസ് പരീക്ഷയിൽ 156–ാം റാങ്ക് നേടി. നിലവിൽ ഐപിഎസ് ലഭിക്കാനാണ് സാധ്യത. എംഎസ് ഓർത്തോപീഡിക്സ് സർജൻ കൂടിയാണ് ഡോക്ടർ ജോർജ് അലൻ ജോൺ. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ.

സിവിൽ സർവീസിലേക്ക് ഒരു വീട്ടിൽ നിന്ന് മൂന്നു പേർ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. ഏതു കേഡറാണെന്ന് ഇപ്പോൾ അറിയില്ല. ഐആർഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടർ ജോൺ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായാണ് ജോൺ ജോസഫ് വിരമിച്ചത്. കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയാണ്.

ആരോഗ്യ സർവകലാശാല എംഎസ് ഓർത്തോപീഡിക്സ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ഡോക്ടർ ജോർജ് അലൻ ജോൺ. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയ സ്കൂളിലും.

2015ൽ സിവിൽ സർവീസ് പരീക്ഷയിൽ 111 റാങ്കുകാരിയായിരുന്നു സഹോദരി ചൈത്ര തെരേസ ജോൺ. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ എസ്പിയാണ്. അമ്മ ഡോക്ടർ മേരി ഏബ്രഹാം അനിമൽ ഹസ്ബൻഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.