ന്യൂഡെൽഹി: അയോധ്യ ഭൂമി പൂജയ്ക്ക് ഒരുങ്ങി. തിങ്കളാഴ്ച്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ഭൂമിപൂജയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. 2,000 സ്ഥലങ്ങളിൽ നിന്നും മണ്ണും 1,500 ഇടങ്ങളിൽ നിന്ന് തീർഥജലവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു.
നാളെ പതിനൊന്നിന് ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. പത്ത് മിനിട്ട് നേരം അവിടെ ചെലവഴിക്കും. തുടര്‍ന്ന് പതിനൊന്നരയോടെ ഒരു മണിക്കൂര്‍ നീളുന്ന ഭൂമിപൂജ. ഭൂമി പൂജക്ക് ശേഷം ക്ഷേത്ര മുറ്റത്ത് പ്രധാനമന്ത്രി പാരിജാത തൈ നടും.
ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം 5 പേരേ പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാകൂ. 150 ക്ഷണിതാക്കളില്‍ 133 പേരും സന്യാസിമാരാണ്. ഇവര്‍ക്കൊപ്പം കേസിലെ പ്രധാനഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരിയും ചടങ്ങിന് സാക്ഷിയാകും. അയോദ്ധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സുഖമില്ലാത്തതിനാൽ ചടങ്ങിന് ക്ഷണിക്കപ്പെട്ടുവെങ്കിലും പങ്കെടുക്കില്ലെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാര്‍സഫർ അഹമദ് ഫാറൂഖിയുടെ വക്താവ് അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന ക്ഷണക്കത്തുകള്‍ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ ക്ഷണക്കത്തിലും ഓരോ സുരക്ഷാ കോഡുകള്‍ ഉണ്ടായിരിക്കും. ഒരു തവണ മാത്രമെ ഈ കോഡ് ഉപയോഗിക്കാന്‍ സാധിക്കൂ.ഓരോ സീരിയല്‍ നമ്പറും ഇതിലുണ്ടാകും. പ്രവേശന കവാടത്തില്‍ സുക്ഷ ഉദ്യോഗസ്ഥര്‍ ഇത് ക്രോസ് ചെക്ക് ചെയ്യും. ആര്‍ക്കും കാര്‍ഡ് കൈമാറാനാകില്ല. ഒരു തവണ മാത്രമെ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. അയോധ്യയില്‍ ചടങ്ങിന് എത്തിയവര്‍ക്ക് ഇന്ന് ക്ഷണക്കത്ത് കൈമാറി.
ചടങ്ങ് നടക്കുന്ന വേദിയിലേക്ക് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതിയില്ല. അതിഥികള്‍ക്ക് വാഹന പാസുമില്ല. അമവ ക്ഷത്രത്തിന് മുമ്പിലായി പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് വേദിയിലേക്ക് എത്താന്‍ 250 ഓളം അടി നടക്കേണ്ടി വരും. ഭൂമി പൂജയ്ക്ക് പുറമെ ക്ഷേത്രത്തിന്റെ പുതിയ മോഡലുള്ള അഞ്ചു രൂപ തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും.
അതേ സമയം ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്നലെ ഒരു പുരോഹിതന് കൂടി കൊറോണ സ്ഥിരീകരിച്ചു. ക്ഷേത്ര സ്ഥലത്ത് ദൈനംദിന ആചാരങ്ങൾ നടത്തുന്ന ടീമിന്റെ ഭാഗമായ പ്രേം കുമാർ തിവാരിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
രോഗബാധ ആശങ്കാജനകമാണെന്ന് 82 കാരനായ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താൻ ചെറുപ്പക്കാരനല്ലെന്നും എല്ലാവരും മന്ദിറിൽ ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നതിനാൽ തനിക്കും ആശങ്കയുണ്ടെന്ന് സത്യേന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
പുരോഹിതരുടെ ടീമിലുണ്ടായിരുന്ന പ്രദീപ് ദാസിന് കഴിഞ്ഞയാഴ്ച രോഗബാധ സ്ഥീരികരിച്ചിരുന്നു. ഇതെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെല്ലാം ക്വാറൻറീനിലാണ്. ക്ഷേത്ര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് അഗ്നിശമന ഉദ്യോഗസ്ഥർക്കും നേരത്തേ വൈറസ് ബാധയുണ്ടായിരുന്നു.
എന്നാൽ ക്ഷേത്ര പുരോഹിതന്മാരും തൊഴിലാളികളുമടക്കം നിരവധി പേർക്ക് പരിശോധന നടത്തി വൈറസ്ബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ധാരാളം ആളുകളെ പരിശോധിച്ചു എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചാം തിയതി നടക്കാനിരിക്കുന്ന ചടങ്ങിന് ഇതൊന്നും ഭീഷണിയല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.