ബംഗലൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് പിന്നാലെ അദ്ദേഹത്തിന്റെ മകൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരെ ബംഗലൂരു മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മകൻ വിജയേന്ദ്രയുടെ പരിശോധന ഫലം നെഗറ്റീവാണ്.
ഇന്നലെയോടെയാണ് യെദ്യൂരപ്പക്ക് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ തന്നെ
യെദ്യൂയൂരപ്പയെ ഇതേ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊറോണ ബാധിതൻ ആകുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.
അതേ സമയം ഞായറാഴ്ച കർണാടകയിൽ 5532 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചത്. 57,725 പേർ ഇതുവരെ രോഗമുക്തി നേടി. 74,590 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.