ഇടുക്കി ലോവർ പെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കും; പെരിങ്ങൽക്കുത്ത് തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഇടുക്കി /തൃശൂർ: ഇടുക്കി ലോവർ പെരിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉടൻ തുറക്കും. 45 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഇടുക്കി ജില്ലയിൽ ഓഗസ്റ്റ് ആറ് വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ ഒരു ഷട്ടർ ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. ഷട്ടർ 30 സെമീ ഉയർത്തി 30 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടും. ജില്ലയിൽ ഓഗസ്റ്റ് 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന നിലയിലാണ് നടപടി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഇടുക്കിയിലെ പാംബ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഉച്ചയ്ക്ക് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമെക്‌സ് വരെ ജലം പുറത്തുവിടുന്നുണ്ട്. ഇക്കാരണത്താലും പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതിനിടെ, തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ഷട്ടർ തുറന്ന് അധിക ജലം ഒഴുക്കിവിട്ട് തുടങ്ങി. ഇതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിലെ മംഗലം ഡാം തുറന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്നത്തെ കാലവർഷ തീവ്രത അനുസരിച്ച്‌ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു