ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊറോണ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊറോണ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ അനുമതി. പരീക്ഷണം വിജയിച്ചാൽ കൊറോണ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാകും. രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താൻ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് അനുമതി ലഭിച്ചത്. ഉടൻ തന്നെ മനുഷ്യരിൽ പരീക്ഷണം തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല വ്യക്തമാക്കി.

5000ലേറെ പേരിൽ പരീക്ഷണം നടത്താനാണ് മരുന്ന് കമ്പനി തയാറെടുക്കുന്നത്. അസ്ട്ര സേനക ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. പരീക്ഷണത്തിന് അനുമതി തേടി പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമർപ്പിച്ച ഡേറ്റയും പ്രോട്ടോക്കോളും സബ്ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി പരിശോധിച്ചു.

ഇതുവരെ നടന്ന പരീക്ഷണത്തിന്റെ ഫലത്തിൽ തൃപ്തി രേഖപ്പെടുത്തിയ വിദഗ്ധ സമിതി, രാജ്യത്ത് രണ്ടും മൂന്നും ഘട്ട പരീക്ഷണം നടത്തുന്നതിന് പച്ചക്കൊടി കാട്ടി. ഇതോടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകുകയായിരുന്നു. പരീക്ഷണം വിജയമായാൽ അടുത്ത ഒരു വർഷം കൊണ്ട് ഒരു ബില്യൺ അസ്ട്ര സേനക ഓക്‌സ്‌ഫോർഡ് വാക്സിനുകൾ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലം ജൂലൈ ഇരുപതിന് പുറത്തുവിട്ടിരുന്നു.