അമൃത്സർ: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 104 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. അമൃത്സർ, ബെറ്റാല, താൻതാരൺ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. താൻതാരണിൽ മാത്രം 80 പേർ മരിച്ചു.
അമൃത്സറിലും ഗുരുദാസ്പൂറിലും 14 പേരും മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമാണ വസ്തുക്കൾ പൊലീസ് പിടികൂടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് എതിരെ സർക്കാർ നടപടിയെടുത്തിരുന്നു.
അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രിക്കും എംഎൽഎമാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് ശിരോമണി അകാലിദളും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി. പഞ്ചാബ് സര്‍ക്കാരിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിനു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും ദാരുണമായ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. വിഷമദ്യ ദുരന്തത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ ജനങ്ങൾക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.