അതിര്‍ത്തി കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും ചൈന പൂര്‍ണമായും പിന്‍മാറണം; ഇന്ത്യ നിലപാട് ആവർത്തിച്ചു

ന്യൂഡെല്‍ഹി: ചൈന അതിര്‍ത്തി കയ്യേറ്റം നടത്തിയ പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍മാറണമെന്നു ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.

പാംഗോഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ നിന്നും ഡെപ്‌സാങ്ങ് മേഖലകളില്‍ നിന്നും ചൈനീസ് സേന ഇപ്പോഴും പിന്‍മാറിയിട്ടില്ല. ഏപ്രില്‍ മാസത്തില്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആവശ്യം. ഇതിനു മുന്‍പു പല തവണയായി നടന്ന ചര്‍ച്ചകളിലൂടെ ഗല്‍വാന്‍, ഹോട്ട്‌സ്പ്രിംഗ്‌സ് എന്നീ ഭാഗത്തു നിന്നും ചൈനീസ് സൈന്യം പിന്‍മാറിയിരുന്നു.

14 സേന കോര്‍ മേധാവി ലഫ് . ജനറല്‍ ഹലീന്ദര്‍ സിംഗ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ച്ചയാണിത്.

അതേസമയം പാംഗോങ് പ്രദേശം കയ്യിലാക്കാന്‍ ചൈനീസ് സേന നീക്കം നടത്തുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന പിന്‍മാറിയെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. മേഖലയിലെ സംഘര്‍ഷം കുറക്കുന്നതിനു ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എന്നിവര്‍ ജൂലൈ അഞ്ചിനു ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.