കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരുവിഭാഗം ആളുകളുടെ തെറിയഭിഷേകം. ‘പിടിച്ചുനിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി. യാദൃശ്ചികം’ എന്ന പോസ്റ്റിന് താഴെയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടത്തോടെ എംഎല്‍എയെ തെറിവിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ ഫെയസ്ബുക്ക് പോസ്റ്റ്.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ താങ്കളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാവരുതായിരുന്നെന്നാണ് ചിലരുടെ പ്രതികരണം. എന്നാല്‍ അന്‍വറിന്റെ കുറിപ്പിനെ ഒരുവിഭാഗം വലിയ രീതിയില്‍ എതിര്‍ക്കുമ്പോള്‍ അതേരീതിയില്‍ പിന്തുണയ്ക്കുന്നുമുണ്ട്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുളളില്‍ ആയിരങ്ങളാണ് പോസ്റ്റ് ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും.
ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചത് അദ്ദേഹത്തെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്‍ത്ത രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടര്‍ന്നാണ് കൊറോണ ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്.
ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സെല്‍ഫ് ഐസലേഷനില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.