ലക്നൗ: അയോധ്യ രാമക്ഷേത്ര ഭൂമി പൂജയുടെ ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യ സന്ദർശനം റദ്ദാക്കി. ഉത്തര്‍പ്രദേശ് മന്ത്രി കമല റാണി വരുണിന്റെ മരണത്തെത്തുടർന്നാണിത്.അതേസമയം, ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ജൂലൈ 18 ന് കൊറോണ വൈറസ് സ്ഥിരീകരിച്ച കമല റാണി വരുൺ ഇന്നാണ് മരിച്ചത്. ഓഗസ്റ്റ് 5 ന് നടക്കുന്ന ഭൂമി പൂജയുടെ തയ്യാറെടുപ്പുകൾക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീരാമ ജന്മഭൂമി പരിസരം സന്ദർശിക്കാനി രിക്കെയായിരുന്നു മന്ത്രിയുടെ മരണം. സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ഹനുമാൻഗരി ക്ഷേത്രം, രാം കി പോഡി എന്നിവയും സന്ദർശിക്കാനാണ് തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ സന്ദർശനം മാറ്റി വച്ചതോടെ ഹനുമംഗരിയിലെ നിഷാൻ പൂജൻ റദ്ദാക്കിയതായി ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷത്ര ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു. ഇന്ന് നടത്താനിരുന്ന നിഷാൻ പൂജ തിങ്കളാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ശ്രീരാമന്റെ ഏതെങ്കിലും ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് ഹനുമാൻ നിഷാൻ പൂജൻ അത്യാവശ്യമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൂജ നടത്താൻ തീരുമാനിച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ആഘോഷിക്കുന്നതിനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രനഗരങ്ങളിൽ ദീപാവലി പോലുള്ള ആഘോഷങ്ങൾ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.