കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധത്തിൻ്റെ ചുരുളഴിച്ച് അധ്യാപകൻ്റെ കൈവെട്ടുകേസിലെ പ്രതിയെ അടക്കം രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയിൽ നിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. മുഹമ്മദാലി ഇബ്രാഹിം തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്. പ്രതികളെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിലർക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും പലരും പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരാണെന്നും എൻഐഎ.
മുഹമ്മദാലി ഇബ്രാഹിമിനെ വിചാരണയ്ക്ക് ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി വെറുതെവിട്ടിരുന്നു. ഇയാൾ പോപ്പുലർ ഫ്രണ്ടിൻ്റെ സജീവ പ്രവർത്തകനാണെന്നും എൻഐഎ കണ്ടെത്തി.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആറ് സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും കേസിൽ ഇതുവരെ പത്ത് പേർ കസ്റ്റഡിയിലുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
ഇവരെ പിടികൂടിയതോടെ സ്വർണക്കടത്തിൻ്റെ തീവ്രവാദബന്ധം പുറത്തായിരിക്കയാണ്. പ്രതികളുടെ അറസ്റ്റോടെ സ്വർണക്കടത്ത് കേസ് നിർണായക വഴിത്തിരിവിലെത്തിയെന്നാണ് എൻഐഎ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണം ശരിയായ ദിശയിൽ നീങ്ങുന്നുവെന്നത് സാധൂകരിക്കുന്നതാണിത്.കേസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ തീവ്രവാദബന്ധം തെളിയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെടി റമീസിൽനിന്നാണ് മൂവാറ്റുപുഴയിലെ ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻഐഎ സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്.
തിരുവനന്തപുരത്തെ ഹോട്ടലുകളിൽ റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാൽ, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ മുപ്പതിന് പിടികൂടിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനായ കെടി റമീസുമായി ചേർന്ന് നയതന്ത്രചാനൽ വഴി സ്വർണം കടത്തിയവരാണ് ഇരുവരും എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
അടുത്ത ദിവസം അതായത് ജൂലൈ 31-ന് മറ്റു രണ്ട് പേരെ കൂടി എൻഐഎ പിടികൂടി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദു പി.ടി എന്നിവരാണ് സ്വർണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടത്.
ഇന്നലെയാണ് – ഓഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരേയും എൻഐഎ പിടികൂടിയത്. സ്വർണക്കടത്തിനായി കെടി റമീസിനേയും ജലാലിനേയും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് മാത്രം പ്രതികളായ ജലാൽ, റാബിൻസ് അഹമ്മദ്, കെടി റമീസ്, മൊഹമ്മദ് ഷാഫി, സെയ്ദ്ദ് അലവി, പിടി അബ്ദു എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയെന്നും ഇവിടെ നിന്നും രണ്ട് ഹാർഡ് ഡിസ്കുകൾ, ഒരു കമ്പ്യൂട്ടർ, എട്ട് മൊബൈൽ ഫോണുകൾ, ആറ് സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ പിടിച്ചെടുത്തതായും എൻഐഎ വ്യക്തമാക്കുന്നു. പ്രതികളുടെ ബാങ്ക് രേഖകളും തിരിച്ചറിയൽ രേഖകളും എൻഐഎ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി എൻഐഎ വ്യക്തമാക്കുന്നു.