മണർകാട്‌ ചീട്ടുകളി സംഘത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വീണ്ടും ശ്രമം

കോട്ടയം: മണർകാട്‌ ക്രൗൺ ക്ലബിലെ ചീട്ടുകളി സംഘത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വീണ്ടും ശ്രമം. ക്ലബ് നടത്തിപ്പുകാരനായ മാലം സുരേഷിൻ്റെ കൂട്ടാളിയും ചേർത്തല സ്വദേശിയായ ലക്കി എന്നയാളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകി എന്നാണ് ആക്ഷേപം. മുൻ മണർകാട്‌ ഇൻസ്‌പെക്ടറും ചീട്ടുകളി ക്ലബ് ഭാരവാഹികളുമായുള്ള ബന്ധം സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന്‌ ചേർത്തല ഡിവൈഎസ്‌പി കെ സുഭാഷിനെയാണ് ചുമതലപ്പെടുത്തിയത്. സിപിഎമ്മിലും സംസ്ഥാന മന്ത്രിസഭയിലും ഏറെ സ്വാദീനമുള്ള ആളാണ് ലക്കി.

കോട്ടയത്ത് നടന്ന കേസിൽ അന്വേഷണത്തിന് ആലപ്പുഴയിൽ നിന്നും ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് വിവാദ ക്ലബിന് ഒത്താശ ചെയ്ത് സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണെന്നാണ് സൂചന.

ചൂതാട്ടം നടത്തിയ ക്രൗൺ ക്ലബ്ബിന്റെ‌ ഉടമ മാലം സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിനെതുടർന്ന്‌ ഇൻസ്‌പെക്ടർ ആർ രതീഷ്‌കുമാറിനെ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ജില്ലാ പൊലീസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. മണർകാട്‌ സ്‌റ്റേഷനിലെ അഞ്ച്‌ പൊലീസുകാർക്ക്‌ ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌‌.

സസ്‌പെൻഷനിലായ ഇൻസ്‌പെക്ടറെ ചേർത്തല ഡിവൈഎസ്‌പി ഉടൻ ചോദ്യം ചെയ്യും. ഡിവൈഎസ്‌പി നൽകുന്ന‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ക്ലബ്ബ്‌ ഉടമ മാലം സുരേഷുമായി ബന്ധമുണ്ടെന്നും പുറത്തായ ഫോൺ സംഭാഷണം തന്റേതാണെന്നും രതീഷ്‌കുമാർ സമ്മതിച്ചിരുന്നു.