കൊല്ലം: ജില്ലാ ജയിലിൽ ഇതുവരെ 57 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. പരിശോധന നടത്തിയ 36 ജയിൽ ഉദ്യാഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവായി. എന്നാല്‍ ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. 141 തടവുപുള്ളികളുടേയും ആന്‍റിജന്‍ പരിശോധന പൂർത്തിയായി. രോഗം മൂർഛിച്ച മൂന്നു പേരെ പാരിപ്പിള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ചവരിൽ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊറോണ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജയിൽ ഉൾപ്പെടുന്ന തേവള്ളി ഡിവിഷൻ ക്ലസ്റ്ററാക്കി കണ്ടെയിന്‍മെന്‍റ് സോണാക്കിയേക്കും.
അതേസമയം കൊല്ലം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും രോഗബാധ ഉണ്ടായി. ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് കൊല്ലം ജില്ലയിലാണ്.168 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൺറോത്തുരുത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളും തൃക്കോവിൽവട്ടം പഞ്ചായത്തിലെ 1, 22, 23 എന്നീ വാർഡുകളും പുതിയ കണ്ടെയ്ൻ്റ്മെൻ്റ് സോണായി ഉൾപ്പെടുത്തി.