ന്യൂഡെൽഹി: കൊറോണ വൈറസ് ബാധിച്ച് ഡെൽഹിയിലെ നാല് ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളിൽ പരീക്ഷണം നടത്താൻ ഇസ്രയേലിന് എല്ലാവിധ സൗകര്യവും ഒരുക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇസ്രയേലിലെ ഡയറക്ടറേറ്റ് ഓഫ് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മന്റുമായി (ഡിആർഡിഡി) സഹകരിച്ചായിരിക്കും ഇന്ത്യയിലെ കൊറോണ രോഗികളിൽ പരീക്ഷണം നടത്തുക.
രോഗികളുടെ വിവരങ്ങളും ഉമിനീരിന്റെ സാമ്പിളുകളും ഇസ്രയേൽ പ്രതിരോധ സംഘത്തിന് കൈമാറാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിലെ സംഘം ഇന്ത്യയിലെത്തി ഒരു ദിവസത്തിനകം തന്നെ ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവയടങ്ങുന്ന ആരോഗ്യമന്ത്രാലയത്തിന്റെ സ്ക്രീനിങ് കമ്മിറ്റി ഗവേഷണത്തിന് അനുമതി നൽകി. അതിൽ ഓഡിയോ ടെസ്റ്റ്, ശ്വാസോച്ഛാസ പരിശോധന, തെർമൽ പരിശോധന എന്നിവയോടൊപ്പം കൊറോണുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ ഐസൊലേറ്റ് ചെയ്യാനായുള്ള പോളിഅമിനോ ടെസ്റ്റും നടത്തും.
ഇന്ത്യയിലെ കൊറോണ രോഗികളുടെ 5000 ഉമിനീർ സാമ്പിളുകൾ ഇസ്രയേൽ പ്രതിരോധ സംഘത്തിന് കൈമാറാൻ ഡിആർഡിഒ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. രാജ്യത്തെ ബയോ മെഡിക്കൽ ഗവേഷണത്തിനും വിദേശ സഹായത്താൽ നടത്തുന്ന ഗവേഷണത്തിനും ചുക്കാൻ പിടിക്കുന്നത് ഐസിഎംആർ ആയിരുന്നുവെങ്കിലും ഇസ്രയേൽ ഗവേഷകരുടെ പരീക്ഷണങ്ങൾ നിയന്ത്രിക്കുക ഡിആർഡിഒ ആയിരിക്കും.
രോഗികളുടെ സാമ്പിളുകൾ ശേഖരിക്കേണ്ട ഡൽഹിയിലെ രണ്ട് പ്രമുഖ ആശുപത്രികൾ ഗവേഷണത്തിലെ വിദേശ സഹകരണത്തിന്റെ പേരിൽ അതിന് വിസമ്മതിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ സ്ക്രീനിങ് കമ്മിറ്റിയുടെ അനുമതി തേടാൻ ഡിആർഡിഒയോട് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഡിആർഡിഒ എച്ച്എംഎസ്സിയുടെ അനുമതി തേടിയത്.