ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 30 കൊറോണ പോസിറ്റീവ് കേസുകളും സമ്പർക്ക പട്ടികയിൽ മുന്നൂറോളം പേരും ഉണ്ടെന്നിരിക്കെ ആന്റിജൻ കിറ്റുകളുടെ അഭാവത്തിൽ കഴിഞ്ഞ നടക്കേണ്ട ആൻ്റിജൻ ടെസ്റ്റ് മാറ്റിയത് പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 1,14,18 വാർഡുകളിലെ സമ്പർക്ക പട്ടികയിലുള്ളവരെ പരിശോധിക്കാൻ ശനിയാഴ്ച മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടക്കേണ്ടിയിരുന്ന ആന്റിജൻ ടെസ്റ്റാണ് മാറ്റിവച്ചത്. ആന്റിജൻ കിറ്റുകൾ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിന് മുമ്പിൽ സത്യാഗ്രഹ സമരം അനുഷ്ടിക്കുമെന്ന് 14,18 വാർഡുകളിലെ ജനപ്രതിനിധികളായ ഇവിരാജു , സുനിത ചാർളി എന്നിവർ മുന്നറിയിപ്പ് നൽകി.
കിറ്റ് വരാതെ ടെസ്റ്റ്എന്ന് നടക്കുമെന്ന് ഉറപ്പില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ടെസ്റ്റ് നടക്കാത്തത് മൂലം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയടക്കം മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. പരിശോധന നീളുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമോ എന്ന സന്ദേഹ പം നിലനിൽക്കുകയാണ്. പോലീസ് റോഡുകളെല്ലാം അടച്ചതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കണ്ടയിൻമെന്റ് സോണിൽ സമയബന്ധിതമായി നടക്കേണ്ട ടെസ്റ്റുകൾ നടക്കാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ജനപ്രതിനിധികളായ ഇ.വി.രാജു ,സുനിത ചാർളി എന്നിവർ പറഞ്ഞു.