തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊറോണ മരണം. ആലുവ കീഴ്മാട് സ്വദേശിക്ക് പുറമേ 11 മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ചുപേര്‍ കൂടി കൊറോണ ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം പുറത്തുവന്നു.
മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പുറമേ കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത്(41), കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) എന്നിവരും കൊറോണ ബാധിച്ചാണ് മരിച്ചതെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു.