കൊച്ചി: നാണയം വിഴുങ്ങിയതിന് ചികിൽസ തേടി ആശുപത്രിയെലത്തിച്ച മൂന്ന് വയസുകാരൻ വീട്ടിൽ മരിച്ചു. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.
എന്നാല്‍ നിയന്ത്രിത മേഖലയില്‍ നിന്ന് വന്നത് കൊണ്ട് തിരികെ അയച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചോറും പഴവും നല്‍കാന്‍ പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് കുട്ടിയെ തിരിച്ചയച്ചത്.
വീട്ടിലെത്തിയ ഇന്നലെ രാത്രി കുട്ടിയുടെ സ്ഥിതി മോശമായിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആലുവ ജില്ലാ ആശുപത്രിയിലെത്തും മുമ്പെ കുട്ടി മരിച്ചു. കുട്ടിയുടെ സ്രവം കൊറോണ പരിശോധനക്കെടുത്തു.
വിവാദമായതിനാൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.