ന്യൂഡെൽഹി: കോടതിയലക്ഷ്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ ഹർജി. കോടതിക്കെതിരെ പരാമർശം നടത്തിയാൽ കോടതിയലക്ഷ്യമാകുമെന്ന വകുപ്പ്, ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന മാധ്യമപ്രവർത്തകൻ എൻറാം, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് കോടതിയെ സമീപിച്ചത്.
കോടതിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള വകുപ്പ് തന്നെ കൊളോണിയൽ ധാരണകളിൽ അധിഷ്ഠിതമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ അതിന് സ്ഥാനമില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. അതേസമയം, സുപ്രീംകോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിനെതിരെ പ്രശാന്ത് ഭൂഷൺ മറ്റൊരു ഹർജിയും സമർപ്പിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിന്റെ പേരിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസിന് തുടക്കമിട്ടത്.