ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. അടുത്ത ശനിയാഴ്ചയാണ് സംസ്കാരം. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ സംസ്കാരം അമേരിക്കയിൽ തന്നെ നടത്തും. കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്.
സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സ് ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. നേരത്തെ, മെറിൻറെ മരണമൊഴി പുറത്ത് വന്നിരുന്നു. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മരണമൊഴി.
അതേസമയം മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും കൊലവിളി നടത്തിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഇത്തവണ മെറിൻ നാട്ടിൽ വന്നപ്പോൾ വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് മടങ്ങിയത്. ഫിലിപ്പിന് അമേരിക്കയിൽ പറയത്തക്ക ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി വാങ്ങി ചെലവഴിച്ചിരുന്നത് ഫിലിപ്പാണെന്നും ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു.