കോഴിക്കോട്: ജില്ലയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നഗരത്തിലെ പിങ്ക് പൊലീസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. ജില്ലയുടെ പല മേഖലകളിലും സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുകയാണ്.
ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും കൊറോണ ബാധിക്കുന്നത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. മൂന്ന് യൂണിറ്റുകളിലായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തുമെന്നാണ് വിവരം.
അതേസമയം ജില്ലയിൽ ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് രോഗം സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.