ടിക് ടോകിന് പകരക്കാരനായി മലയാളികളുടെ ‘ക്യൂ ടോക്ക്’ ആപ്പ്

കൊച്ചി: ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’ തരം​ഗമാകുന്നു. ടിക് ടോകിൻ്റെ നിരോധനത്തിൽ വിഷമിച്ചിരിക്കുന്നവർക്ക് ഒരു ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷൻ പ്രൈ ലിമിറ്റഡ്.

ടിക് ടോകിന് ബദലായി ക്യൂ ടോക്ക് എന്ന ആപ്പാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. ടിക്ടോക്കിൽ അവസരം നഷ്ടപ്പെടുത്തുന്ന ഉപയോക്താക്കളെ ആകർഷിച്ച് അടുത്തഘട്ടത്തിൽ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിൻ്റെ ആശയം രൂപീകരിച്ചതെന്ന് സ്റ്റുഡിയോ90 ഇനവേഷൻ ചെയർമാൻ കെകെ രവീന്ദ്രൻ പറയുന്നു.

ക്യൂ ടോക്ക് എന്ന് ഷോർട്ട് വീഡിയോ ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ടിക്ടോക്കിനെക്കാൾ മികച്ച സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ഇവരുടെ അവകാശവാദം. പ്ലേ സ്റ്റോറിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരത്തിലധികം ഡൌൺലോഡുകൾ നടന്നുവെന്നാണ് കമ്പനി പറയുന്നത്.
ഇപ്പോൾ 30 സെക്കൻറ് മുതൽ 5 മിനുട്ടുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.