തൃശൂർ: ഓൺലൈൻ ക്ലാസ് നടത്തുന്ന ചില അൺ എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ഐസിഎസ് ഇ, സിബിഎസ് ഇ റീജിയണൻ ഡയറക്ടർമാരും സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
മുമ്പ് ദിവസം 8 പീരീഡുകൾ വരെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. കൊറോണ രോഗവ്യാപനത്തെ തുടർന്ന് അത് സാധ്യമല്ലാതായി തീർന്നു. വിദ്യാഭ്യാസം ഓൺലൈനായതോടെ ഒന്നോ രണ്ടോ പീരിഡ് മാത്രമാണ് സ്കൂളുകൾ പഠിപ്പിക്കുന്നത്. എന്നിട്ടും മാസാ മാസം വൻതുക ഫീസായി ഈടാക്കുകയാണെന്നാണ് പരാതി. അതേ സമയം ചില സ്കൂളുകൾ 30 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നുമുണ്ട്. തൃശൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ ദിലീപ് കണ്ണത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.