ന്യൂഡെല്‍ഹി: ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് PAANKHA എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.
സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ മുന്‍പില്‍ കണ്ട് അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും, ഗംഭീര്‍ പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.