വിശാഖപട്ടണം: ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് – കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാലുപേർ കപ്പൽശാല ജീവനക്കാരും ബാക്കിയുള്ളവർ കരാർ ഉദ്യോഗസ്ഥരുമാണെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ആർ കെ മീന അറിയിച്ചു. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.
എച്ച്എസ്എൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരും പ്രാദേശിക കരാറുകാരായ ഗ്രീൻ ഫീൽഡ് കമ്പനി, ലീഡ് എഞ്ചിനീയർമാർ, സ്ക്വാഡ് സെവൻ കമ്പനി തൊഴിലാളികളും ക്രെയിനിന്റെ പരിശോധന തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം ക്രയിൻ തകർന്നു വീഴുകയായിരുന്നു.
കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്. ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്.
എച്ച്എസ്എല്ലിലെ ക്രെയിനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ അനുപം ക്രെയിൻ കമ്പനിയിൽ നിന്നാണ് പുതിയ ക്രെയിൻ വാങ്ങിയതെന്ന് പ്രാഥമിക വിവരം. എന്നാൽ ഡെലിവറി സമയത്ത് അനുപം ക്രെയിൻ കമ്പനി ട്രയൽ റൺ നടത്തിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന ടൂറിസം മന്ത്രി എം ശ്രീനിവാസ റാവു പറഞ്ഞു. എച്ച്എസ്എൽ സന്ദർശിച്ച് വസ്തുതകൾ പരിശോധിക്കാൻ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്ന് അദ്ദേഹം ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിലെ തീരദേശ നഗരത്തിലാണ് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണികൾ, അന്തർവാഹിനി നിർമ്മാണം, റിഫീറ്റുകൾ, ഓഫ്‌ഷോർ, കടൽത്തീര ഘടനകളുടെ രൂപകൽപ്പന, നിർമ്മാണം
എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഇത്.
വിശാഖപട്ടണത്തെ എൽജി പോളിമർസ് ഫെസിലിറ്റി എന്ന കെമിക്കൽ പ്ലാന്റിൽ വാതകം ചോർന്നതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർ രോഗികളാവുകയും ചെയ്തിരുന്നു.