ന്യൂഡെൽഹി: രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.
സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അവസാനവർഷ പരീക്ഷ, കൊറോണ പശ്ചാത്തലത്തിൽ റദ്ദാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ഓഗസ്റ്റ് മൂന്നോടെ മറുപടി അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതില്ല എന്ന ധാരണ വിദ്യാർത്ഥികൾക്ക് വേണ്ടെന്ന് യുജിസി വ്യക്തമാക്കി. പരീക്ഷ ഇപ്പോൾ നടത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചു. പരീക്ഷ റദ്ദാക്കാനാകില്ലെന്നും, പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും യുജിസി സത്യവാങ്മൂലം സമർപ്പിച്ചു. പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും വ്യക്തമാക്കി.