വിദഗ്ധ ചികിത്സ ലഭിച്ചില്ല; ആദിവാസി പെണ്‍കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മറയൂര്‍: ആദിവാസി പെണ്‍കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചു. പെരിയകുടി ഗോത്രവര്‍ഗ കോളനിയിലെ പതിമൂന്നുകാരി അംസ വല്ലിയാണ് മരിച്ചത്. കോവിഡ് ഭയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് ചികിത്സക്കായി കൊണ്ടുപോവാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് വിവരം.

ആരോഗ്യ പ്രശ്‌നം നേരിട്ടെങ്കിലും രണ്ട് ദിവസം മുന്‍പ് മാത്രമാണ് അംസ വല്ലിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടിക്കും തങ്ങള്‍ക്കും കോവിഡ് ബാധിക്കുമോ എന്ന ഭയത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇതിന് തയ്യാറായില്ല.

സംഭവം അറിഞ്ഞ് ആരോഗ്യ വകുപ്പിലേയും ചിന്നാര്‍ വന്യജീവി സങ്കേതത്തിലേയും ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും എത്തി. എന്നാല്‍ കുട്ടിയെ ഡിസ്റ്റാര്‍ജ് ചെയ്ത് കുടിയിലേക്ക് കൊണ്ടുപോവാന്‍ ഇവര്‍ ശ്രമിച്ചു. ഒടുവില്‍ പൊലീസും കുടുകാണി പാണ്ടിയും കുടിയിലേക്കുള്ള ചെക്ക്‌പോസ്റ്റില്‍ എത്തി മാതാപിതാക്കളുമായി സംസാരിച്ചു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കുട്ടിയെ കൊണ്ടുപോവാന്‍ മാതാപിതാക്കള്‍ സമ്മതിച്ചു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. കൊറോണ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വിട്ടുനല്‍കും.