മുബൈ; സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബിഹാർ അഡ്വക്കേറ്റ് ജനറൽ ലളിത് കിഷോർ. മുംബൈയിലെത്തിയ പാട്ന പൊലീസ് സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് ആരോപണം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പാട്ന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുശാന്തിന്റെ മുൻ കാമുകി റിയാ ചക്രവർത്തി ഉൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പാട്ന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മുംബൈ പൊലീസിനെതിരെ ആരോപണവുമായി ബിഹാർ അഡ്വക്കേറ്റ് ജനറൽ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം എഫ്ഐആർ മുബൈയിലേക്ക് മാറ്റണമെന്ന റിയാ ചക്രവർത്തിയുടെ ഹർജിയെ സുപ്രിംകോടതി എതിർക്കും. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്തഗിയെ ചുമതലപ്പെത്തിയെന്നും ലളിത് കിഷോർ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ പാട്ന പൊലീസുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്നാണ് ലളിത് ആരോപിക്കുന്നത്.
മുംബൈ പൊലീസിനെതിരെ സുശാന്തിന്റെ കുടുംബ വക്കീൽ വികാസ് സിംഗും രംഗത്തെത്തിയിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. അതിനിടെ, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാട്ന ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.