തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ആദ്യഘട്ടമായി 206 സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകൾക്ക് നികുതി അടയ്ക്കാൻ രണ്ടുമാസം കൂടി സാവകാശം അനുവദിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. പൊതുഗതാഗതത്തിന്റെ നിലനിൽപ്പ് മനസ്സിലാക്കി സ്വകാര്യ ബസുകളും സഹകരിക്കാൻ തയ്യാറാവണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
നിലവിൽ ജനങ്ങൾ പൊതുഗതാഗതത്തിൽ നിന്ന് വിട്ടു പോകുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. പൊതുഗതാഗതത്തെ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദീർഘദൂര ബസുകൾ പുനരാരംഭിക്കുന്നത്. സ്വകാര്യബസുകൾ നാളെ മുതൽ സർവീസ് നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പരിമിതികളിൽ നിന്ന് കൊണ്ട് നികുതി അടയ്ക്കാൻ രണ്ടു മാസം കൂടി സാവകാശം നൽകാൻ മാത്രമേ നിവൃത്തിയുളളൂ.
പൊതുഗതാഗതം നിലനിർത്തേണ്ടത് അവരുടെ കൂടി ആവശ്യമായി കണ്ട് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തി സഹകരിക്കാൻ തയ്യാറാവണമെന്നും ഗതാഗതമന്ത്രി പറഞ്ഞു. നിലവിൽ പൊതുഗതാഗതരംഗത്ത് അഞ്ചുലക്ഷം യാത്രക്കാരാണ് കുറഞ്ഞത്. നല്ലൊരു ശതമാനം ആളുകൾ സ്‌കൂട്ടർ ഉൾപ്പെടെ ബദൽ മാർഗങ്ങൾ തേടി തുടങ്ങി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഒന്നേകാൽ ലക്ഷത്തോളം സ്‌കൂട്ടറുകളാണ് വിറ്റു പോയത്. ഉപജീവന മാർഗം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുഗതാഗതം സംവിധാനത്തെ ആശ്രയിച്ചിരുന്നവരാണ് കൊഴിഞ്ഞുപോകുന്നത്. ഇത് പൊതുഗതാഗതത്തിന്റെ നിലനിൽപ്പിന് തന്നെ പ്രതിസന്ധി സൃഷ്ടിക്കും. ഇത് മനസ്സിലാക്കി സഹകരിക്കാൻ സ്വകാര്യ ബസുകൾ തയ്യാറാവണം.
യഥാർത്ഥത്തിൽ കൂടുതൽ ദീർഘദൂര സർവീസുകൾ നടത്താൻ കെഎസ്‌ആർടിസിക്ക് സംവിധാനമുണ്ട്. എന്നാൽ കൊറോണ ഉൾപ്പെടെയുളള ചില സാഹചര്യങ്ങൾ പരിഗണിച്ച് കുറഞ്ഞ തോതിൽ സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച നോക്കിയ ശേഷം കൂടുതൽ സർവീസുകൾ പുനരാരംഭിക്കുന്നത് പരിഗണിക്കും.
നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. അതിനാൽ പൂർണതോതിൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത് പ്രായോഗികമല്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ആരെയും കയറ്റുകയും ഇറക്കുകയും ചെയ്യില്ല. കണ്ടെയൻമെന്റ് സോണുകളിൽ നിന്ന് സർവീസും നടത്തില്ല. യാത്രക്കാർക്ക് എല്ലാ സീറ്റിലും ഇരിക്കാം. കൊറോണ മുൻകരുതലിന്റെ ഭാഗമായുളള നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.