കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറി: കോടിയേരി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് രമേശ് ചെന്നിത്തലയാണ്. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ രാമന്റെ നിറം കാവിയല്ല എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത് എന്നും ലോഖനത്തിൽ കോടിയേരി പറയുന്നു.

ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും സിപിഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.

2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഇതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നത്.

തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിംപള്ളിയാക്കി മാറ്റിയതിനെ മുസ്ലിംലീഗ് നേതാവ് പാണക്കാട് സെയ്ദ് സാദിഖലി തങ്ങൾ ന്യായീകരിച്ചതിലൂടെ ലീഗിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും അതേ തീവ്രവർഗീയ നിലപാടിലാണ് മുസ്ലിംലീഗുമെന്ന് ഇത് വ്യക്തമാക്കുന്നു.

ലോകത്തിലെ പൈതൃകപ്പട്ടികയിൽ യുനെസ്‌കോ ഉൾപ്പെടുത്തിയിട്ടുള്ള ഹാഗിയ സോഫിയ മ്യൂസിയം എ.ഡി. 537ൽ നിർമിച്ച ക്രൈസ്തവദേവാലയമായിരുന്നു. ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് ക്രൈസ്തവരുടെകൂടി വികാരം മാനിച്ച് ഇതിനെ ചരിത്രസ്മാരകമാക്കി. അതിനെയാണ് ഇപ്പോൾ മുസ്ലിംപള്ളിയാക്കിയിരിക്കുന്നത്. ഇതിനെ പിന്തുണച്ചതിലൂടെ ബാബ്‌റി പള്ളി നിന്നിടത്ത് ക്ഷേത്രം പണിയുന്ന സംഘപരിവാറിനെ പരോക്ഷമായി ന്യായീകരിക്കുകയാണ് മുസ്ലിംലീഗ്. ലീഗിന്റെ ഈ സ്വരത്തിലും ആശയത്തിലുമാണോ‌ കോൺഗ്രസ്‌‌ നില കൊള്ളുള്ളതെന്ന്‌ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.