നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഗൺമാന് കൊറോണ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഗൺമാന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് ​ഗൺമാന് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയാളുകളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടെ കൊറോണ സ്ഥീരീകരിച്ചു. എസ്‌എപി ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. പൊലീസ് ആസ്ഥാനത്ത് റിസ്പഷൻ ഗേറ്റിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ എൻആർഐ സെല്ലിലെ ഡ്രൈവർക്കും കൊരോണ സ്ഥിരീകരിച്ചിരുന്നു.

കിളിമാനൂർ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറുംസിഐയും, എസ്‌ഐയുമടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പോയി. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സ്‌റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച്‌ സ്‌റ്റേഷൻ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം.

അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാർക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി