ബ്രസീലിയ: ബ്രസീൽ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്കും നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ജൂലൈ 7 നാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം പരിശോധന നടത്തിയിരുന്നു. പിന്നീട് പരിശോധനാ ഫലം വന്നപ്പോഴാണ് കൊറോണ പോസിറ്റീവായത്. അന്നുമുതൽ തന്നെ ഭാര്യയും നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയ്ക്കാണ് കൊറോണ പോസിറ്റിവായത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.