അയോധ്യ രാമക്ഷേത്ര നിര്‍മാണ ഭൂമിപൂജ; പൂജാരിക്കും ഡ്യൂട്ടിയിലുള്ള 16 പോലീസുകാര്‍ക്കും വൈറസ് ബാധ

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്കും സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് രോഗം സ്ഥീരീകരിച്ചത്. രാമക്ഷേത്രം നിര്‍മിക്കാനിരുന്ന സ്ഥലത്തു പതിവായി പൂജ നടത്തുന്ന നാലു പൂജാരികളില്‍ ഒരാളാണ് ഇദ്ദേഹം. നിലവില്‍ ഇദ്ദേഹം ഹോം ക്വാറന്റൈനില്‍ ആണ്.

ഓഗസ്റ്റ് അഞ്ചിനു നടക്കേണ്ട ഭൂമിപൂജയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളുമാണ് നടത്തിയിരുന്നത്.

ക്ഷണിക്കപ്പെട്ട 150 അതിഥികള്‍ ഉള്‍പ്പെടെ 200 പേരാകും ചടങ്ങില്‍ പങ്കെടുക്കുക. ഭൂമീപൂജയുടെ ചടങ്ങുകള്‍ ദൂരദര്‍ശനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അറിയിച്ചിരുന്നു. മോദിയെ കൂടാതെ ബിജെ.പി നേതാക്കളായ എല്‍.കെ അദ്ധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.