ന്യൂഡെൽഹി: കൊറോണ പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ. പത്ത് ലക്ഷം പേരിൽ 324 പരിശോധനയെന്നാണ് എന്നാണ് ദേശീയ ശരാശരി. എന്നാൽ കേരളത്തിൽ ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊറോണ പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്ര കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കൊറോണ രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി. കേന്ദ്ര കൊറോണ അവലോകനത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാൾ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
രാജ്യത്തെ കൊറോണ മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചു. ഇന്ത്യയിൽ മരണ നിരക്ക് 2.21 ശതമാനമാണ്. ലോകത്തെ മരണനിരക്ക് നാല് ശതമാനമാണ്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കേരളത്തിൽ 0.31 ശതമാനവും അസമിൽ 0.25 ശതമാനവുമാണ് കൊറോണ രോഗബാധിതരുടെ മരണനിരക്ക്.