കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ നഗരസഭയ്ക്കെതിരെ ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി അറിയിച്ചു. മുല്ലശേരി കനാലിന്‍റെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു
രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ ജില്ലാ കളക്ടറോടും കോർപ്പറേഷനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. ഒറ്റ മഴയിൽ വെള്ളക്കെട്ടിലാകുന്ന കൊച്ചിയിൽ വെള്ളക്കെട്ട് നീക്കാൻ നാല് വർഷം കൊണ്ട് കൊച്ചി കോർപ്പേറേഷനും ജില്ലാ ഭരണകൂടവും ചെലവഴിച്ചത് 44 കോടിയോളം രൂപയാണ്. പേരണ്ടൂർ കനാലിലെ ചെളി നീക്കൽ, കനാലുകളുടെയും വികസനം അടക്കം 49 ജോലികൾക്കായാണ് കോർപ്പറേഷൻ 34 കോടി 66 ലക്ഷം രൂപ ചെലവഴിച്ചത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ബ്രേക് ത്രൂ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ഒന്‍പത് കോടി 61 ലക്ഷം രൂപയും ഇതുവരെ നൽകി കഴിഞ്ഞു. എന്നാല്‍ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടിന് ഇപ്പോഴും പരിഹാരമായിട്ടില്ല.