തിരുവനന്തപുരം: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് വാമനപുരം എംഎൽഎ ഡി കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന്‍ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കൊറോണ സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് കൊറോണ പടരുന്നുവെന്നാണ് റിപ്പോർട്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍ എന്നീ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തന അനുമതി നല്‍കിയത്.
23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. 1612 പേര്‍ ഇപ്പോള്‍ വിവിധ സിഎഫ്എല്‍ടിസികളില്‍ കഴിയുന്നുണ്ട്. 888 കിടക്കകളോളം ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.