ആലപ്പുഴ : മുഹമ്മ കണ്ണംക്കോട്ടെ പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
സിപിഎം പ്രാദേശിക നേതാക്കളാണ് പ്രതികളായിരുന്നത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും പ്രതിയായിരുന്നു. ലതീഷ് അടക്കം അഞ്ചു പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. പി. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ആയിരുന്നു. സി പി എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടത്തല്‍.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ലതീഷ് പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യമായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വം തങ്ങളെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമപോരാട്ടം തുടരുമെന്നും ലതീഷ് ചന്ദ്രന്‍ പറഞ്ഞു.