ചെന്നൈ: രാജ്ഭവനിൽ മൂന്നു ജീവനക്കാര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരീലാല്‍ പുരോഹിത് തന്റെ ഔദ്യോഗിക വസതിയിൽ ഐസോലേഷനില്‍ പ്രവേശിച്ചു. കൊറോണ പരിശോധന നടത്തിയ 38 പേരില്‍ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയലേക്കു മാറ്റി. ഇന്നലെ നടത്തിയ പതിവു പരിശോധനയില്‍ ഗവര്‍ണറുടെ ആരോഗ്യ നില തൃപ്തികരമാണെന്നു അധികൃതര്‍ അറിയിച്ചു.
രാജ്ഭവനിൽ 84 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു ഒരാഴ്ച്ച കഴിയുമ്പോഴേക്കുമാണ് വീണ്ടും മൂന്നു പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തിയത്. എന്നാല്‍ ബന്‍വാരിലാല്‍ പുരോഹിത്തും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ 147 പരിശോധനയില്‍ 84 പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടായിരുന്നത്. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്ഭവന്റെ എല്ലാ പ്രദേശങ്ങളും അണുവിമുക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊറോണ കേസുകളില്‍ തമിഴ്‌നാട് കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 6972 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈ നഗരത്തിൽ ഇനിയും ഭീതി മാറിയിട്ടില്ല. മധുരയിലും സ്ഥിതി വ്യത്യസ്തമല്ല.