വിസ്മയം തീർത്ത് റാഫേല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയില്‍ പറന്നിറങ്ങി

ന്യൂഡെല്‍ഹി: കാത്തിരിപ്പിന് അറുതി, റാഫേല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയില്‍ പറന്നിറങ്ങി. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിൽ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളിൽ ആദ്യ ബാച്ചാണ് ഇന്ത്യയില്‍ എത്തിയത്. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം പിന്നിട്ടാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ റാഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് രണ്ട് എസ്‌യു- 30എംകെഐഎസ് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി എത്തി. പക്ഷികള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്.

റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ നാവികസേന സ്വാഗതം ചെയ്തു. പടിഞ്ഞാറന്‍ അറബിക് കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയുമായി റാഫേല്‍ വിമാനങ്ങള്‍ ആശയവിനിമയം നടത്തി.

ഫ്രാന്‍സില്‍ നിന്നും വന്ന റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ അതീവ സുരക്ഷയാണ് അംബാല ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. വിമാനങ്ങള്‍ എത്തുന്നതിന്റെ ഭാഗമായി അംബാല എയര്‍ബേസ് പരിസരത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. എയര്‍ബേസിന്റെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഡ്രോണുകള്‍ പറത്തരുതെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു.