തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സിഐ അടക്കം ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു.
അതേസമയം കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് എൻഐഎ കോടതിയുടെ അനുമതി ലഭിച്ചു. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിലും വ്യാജ ബിരുദക്കേസിലും സ്വപ്നയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മഹാരാഷ്ട്രിയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കർ ടെക്നിക്കൽ സർവകലാശാലയിൽ നിന്നും ബികോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് സ്വപ്ന നൽകിയത്.
ഐടി വകുപ്പിന് കീഴിൽ സ്പെയ്സ് പാർക്കിന്റെ ഓപ്പറേഷൻ മാനേജറായി ജോലി നേടാൻ സ്വപ്ന സുരേഷ് നൽകിയ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്. സർവ്വകലാശാല ബികോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷെന്ന വിദ്യാർത്ഥിനി സ്ഥാപനത്തിൽ പഠിച്ചിട്ടില്ലെന്നും സർവ്വകലാശാല രജിസ്ട്രാർ കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് രേഖാമൂലം മറുപടി നൽകി. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി തേടി പൊലീസ് കൊച്ചി എഐഎ കോടതിയെ സമീപിച്ചത്.
സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് ഇതുവരെ അന്വേഷണവുമായി നീങ്ങിയിട്ടില്ല. എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ കേസെടുക്കാൻ ആള്‍മാറാട്ടം നടത്തി രേഖകളുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കേസിലെ പ്രതിയായ സ്വപ്നയെ കസ്റ്റഡിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ കോടതിയിൽ അടുത്ത ആഴ്ച അപേക്ഷ നൽകും.