‘ഫവിപിരവിര്‍’; ഇന്ത്യയില്‍ കൊറോണ മരുന്ന് പുറത്തിറക്കി ഹെറ്റെറോ കമ്പനി

ന്യൂഡെല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ കൊറോണ മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയത്. ഒരു ടാബ്‌ലെറ്റിന് 59 രൂപയാണ് ഈടാക്കുക എന്ന് കമ്പനി അറിയിച്ചു.

കൊറോണക്കെതിരെയുളള ആന്റിവൈറല്‍ മരുന്നാണ് ഹെറ്റെറോ പുറത്തിറക്കിയത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതായത് നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്കാണ് സാധാരണയായി മരുന്നായി നല്‍കുന്നത്.

മരുന്നിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും കമ്പനിക്ക് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഫോറിന് (റെംഡെസിവിര്‍) ശേഷം കൊറോണ ചികിത്സയ്ക്ക് വേണ്ടി ഹെറ്റെറോ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മരുന്നാണിത്.

മരുന്ന് പരീക്ഷണത്തില്‍ അനുകൂലമായ ഫലമാണ് പുറത്തുവന്നത്. നേരിയ രോഗലക്ഷണമുളളവരുടെ ചികിത്സയ്ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്നുമുതല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ അടക്കം മരുന്ന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.