ജയ്പൂർ: നിയമസഭ സമ്മേളനത്തെ ചൊല്ലി ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നിലനിന്ന തർക്കത്തിന് വിരാമമിട്ട് ഓഗസ്റ്റ് 14 ന് ഗവർണർ കൽരാജ് മിശ്ര നിയമസഭ സമ്മേളനം വിളിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെ താഴെയിറക്കാനും ബിജെപിയുമായി ചേർന്ന് ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള കോൺഗ്രസ് ആക്ഷേപത്തിനിടയിലാണ് ഒടുവിൽ ഗവർണർ രാജസ്ഥാൻ നിയമസഭാ സമ്മേളനം വിളിച്ചത്. ഇനിയുള്ള രണ്ടാഴ്ച കോൺഗ്രസിനും അശോക് ഗെലോട്ടിനും ഏറെ നിർണായകമാണ്.
ഓഗസ്റ്റ് 14 ന് സഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ അംഗീകരിച്ചതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു വേണം സഭാസമ്മേളനം നടത്താനെന്നും ഗവർണർ കൽരാജ് മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ സഭാ സമ്മേളനം സംബന്ധിച്ച മുഖ്യമന്ത്രി ഗെലോട്ടിന്റെ ശിപാർശ മൂന്നു തവണ ഗവർണർ തള്ളിയിരുന്നു. സമ്മേളനത്തിന് എംഎൽഎമാർക്ക് 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന നിർദ്ദേശമാണ് ഗവർണർ നൽകിയിരുന്നത്. എന്നാൽ മന്ത്രിസഭ ഇതംഗീകരിച്ചില്ല. ഓഗസ്റ്റ് ആദ്യം സമ്മേളനം വിളിക്കാൻ സാങ്കേതിക തടസങ്ങളില്ലെന്നും മുമ്പ് ചുരുങ്ങിയ നോട്ടീസ് നൽകി രാജസ്ഥാനിൽ സഭാ സമ്മേളനം വിളിച്ച ചരിത്രമുണ്ടെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
നിയമസഭയിലെ 200 അംഗങ്ങളിൽ 102 പേരുടെ ഭൂരിപക്ഷമാണ് ഗെലോട്ട് അവകാശപ്പെടുന്നത്. സച്ചിൻ പൈലറ്റിൻ്റെ നേത്യത്വത്തിലുള്ള വിമത വിഭാഗത്തിന് 18 എം എൽ എ മാരുടെ പിന്തുണയാണുള്ളത്. എന്നാൽ ഈ എം എൽ എ മാരിൽ ചിലർ തങ്ങൾക്കൊപ്പം എത്തുമെന്ന് ഗെലോട്ട് പക്ഷം കണക്കുകൂട്ടുന്നു. കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയാൽ സച്ചിനൊപ്പമുള്ള വരെ അയോഗ്യരാക്കാനാവുമെന്നും ഈ സാഹചര്യത്തിൽ കുറച്ചു പേർ കോൺഗ്രസിൽ തിരിച്ചെത്തുമെന്നും ഗെലോട്ട് ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ കരുത്തു തെളിയിക്കാനുള്ള വേദി കൂടിയാണ് ഗെലോട്ടിന് സഭാ സമ്മേളനം.
കോൺഗ്രസിനെ സംബന്ധിച്ച് രാജസ്ഥാനിലെ മന്ത്രിസഭയുടെ നിലനിൽപ് അനിവാര്യമാണ്. പാർട്ടി പ്രസിഡൻ്റ് സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിലനിർത്തി തർക്കം പരിഹരിക്കാൻ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഇടഞ്ഞു നിന്ന സച്ചിൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലാത്തവിധം ഇരു വിഭാഗങ്ങളും അകന്നു കഴിഞ്ഞു.