ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങൾ ഇന്ത്യക്ക് നല്‍കി ഫ്രാന്‍സിൻ്റെ ഐക്യദാർഡ്യം. 50000 കൊറോണ പരിശോധന കിറ്റുകളും 120 വെന്റിലേറ്ററുകളുമാണ് ഫ്രാന്‍സ് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തത്. ഫ്രഞ്ച് വ്യോമസേന വിമാനത്തില്‍ എത്തിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെയ്‌നര്‍ കൈമാറി. ഡെല്‍ഹിയിലെ പാലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഫ്രഞ്ച് സൈനിക വിമാനത്തിലാണ് ഉപകരണങ്ങള്‍ എത്തിച്ചത്.
ഇന്ത്യക്കു മെഡിക്കല്‍ ഉപകരണങ്ങളും സങ്കേതിക സഹായവും നല്‍കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രാണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഫാല്‍ വിമാനങ്ങളുടെ കൂടെ ഫ്രാന്‍സിന്റെ മെഡിക്കല്‍ ഉപകരണങ്ങളും സമ്മാനമായി എത്തിയതില്‍ സന്തോഷമുണ്ടെന്നു അധികൃതര്‍ അറിയിച്ചു.
അതേ സമയം ഫ്രഞ്ച് കമ്പനിയായ ദസോൾട്ടിൽ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം പിന്നിട്ടാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്.