തിരുവനന്തപുരം: ജില്ലയിൽ കൊറോണ ഭീതി തുടരുന്നു. തലസ്ഥാനനഗരിയിൽ പലയിടത്തും കൊറോണ സമൂഹവ്യാപന ഭീഷണി നിലനിൽക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 213 പേർക്ക്. സംസ്ഥാനത്ത് കൊറോണ വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധിച്ചത്.
കിൻഫ്ര പാർക്കിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരാണ് കൂടുതലും. എഴുപതിലധികം പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കിൻഫ്ര പാർക്കിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. തുമ്പ പള്ളിത്തുറ മേഖലയിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും. 121 പേർക്ക് ഇന്ന് കൊറോണ നെഗറ്റീവായി. ജില്ലയിലെ പത്ത് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
ഇന്നലെ എൺപതിലേറെ പേർക്ക് കിൻഫ്രയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ രോഗ വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാർ കോട്ട, പേരൂർക്കട ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടത്തെ കെ.എസ്.ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.