18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആദ്യ അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങൾ ഇന്ന് അംബാലയില്‍ പറന്നിറങ്ങും

ന്യൂഡെല്‍ഹി: റാഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ അഞ്ചു വിമാനങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഹരിയാനയിലെ അംബാലയില്‍ പറന്നിറങ്ങും. ഇതോടെ വ്യോമസേനയുടെ 18 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമിടുന്നത്. 7000 കിലോമീറ്ററുകള്‍ സഞ്ചരിച്ചു ഇന്ത്യന്‍ വ്യോമസേനയില്‍ ചേരുന്ന റഫാല്‍ ഫൈറ്റര്‍ ജെറ്റിനെ സ്വീകരിക്കാന്‍ അംബാല ഒരുങ്ങിക്കഴിഞ്ഞു.

അഞ്ചു യുദ്ധ വിമാനങ്ങള്‍ക്കൊപ്പം ഫ്രാന്‍സിന്റെ ഒരു ബോയിംഗ് വിമാനവും ഇന്ധനം നിറക്കാനായി റഫാലിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ആകാശത്തു വച്ചു വിമാനത്തില്‍ ഇന്ധനം നിറക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. റഫാലിനെ സ്വീകരിക്കാന്‍ ചീഫ് എയര്‍ സ്റ്റാഫ് ആര്‍.കെ.എസ്. ബദൗരിയ അംബാല എയര്‍ബേസല്‍ ഉണ്ടാകും.

എയര്‍ബേസിനു സമീപം സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അടുത്ത നാലു ഗ്രാമങ്ങളില്‍ സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ലാന്‍ഡിങ് സമയത്തുള്ള ഫോട്ടോഗ്രഫികളും നിയന്ത്രണങ്ങളുണ്ട്. തിങ്കളാഴ്ച്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ ഇന്നലെയാണ് ദുബായിലെ ദഫ്ര വിമാനത്താവളത്തില്‍ എത്തിയത്. ആകെ ഏഴു പൈലറ്റുമാരാണ് നിലവില്‍ വമാനങ്ങള്‍ക്കൊപ്പമുള്ളത്.

2006 സെപ്റ്റംബറില്‍ ആണ് 59000 കോടിയോളം രൂപ വരുന്ന 36 റാഫാല്‍ ജെറ്റുകള്‍ക്കായി ഇന്ത്യ ഒപ്പു വച്ചത്. അന്തരിച്ച മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായിരിക്കുമ്പോഴായിരുന്നു ഇത്. 16000 കോടിയാണ് ഒരു റഫാല്‍ വിമാനത്തിൻ്റെ വില.