ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ നാളെ മുതൽ; അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ സ്വീകരിക്കും. നാളെ വൈകീട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുക. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ കഴിയുക.

പ്രവേശന മാർഗ്ഗ നിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കും. അപേക്ഷ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതിയെന്നാണ് നിർദേശം. സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങ ങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ പോലെ അപേക്ഷയുടെ പ്രിന്റൗട്ട് സ്കൂളിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈലിൽ വൺ ടൈം പാസ്‌വേഡ് നൽകി ലോഗ് ഇൻ ചെയ്യണം. ആഗസ്റ്റ് 14 വരെ ആയിരിക്കും അപേക്ഷകൾ സ്വീകരിക്കുക.

സ്‌കൂളുകളിലെ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌ക്കുകളുടെ പ്രവർത്തനം നാളെ മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ തുടരും.