കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനും എതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരം ആണ് നടപടി.
സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസനെയും പ്രതി ചേർത്ത് കസ്റ്റംസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 17,18 പ്രതിസ്ഥാനത്ത് ചേർത്താണ് ഇരുവർക്കേതിരെയും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം ആണ് ഇരുവർക്കേതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയിൽ അപേക്ഷ നൽകിയത്.
ഫൈസലിനെയും റബിൻസനെയും ഉടനെ ഇന്ത്യയിൽ എത്തിക്കാൻ ആണ് കസ്റ്റംസിന്റെ ശ്രമം. ഇതിന് പിന്നാലെയാണ് കോടതി നടപടി. റമീസ് പിടിയിലായതോടെയാണ് ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, പി എസ് സരിത് എന്നിവരുടെ മൊഴിയിലും സ്വർണക്കടത്തിലുള്ള ഇരുവരുടെയും പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ദുബായിൽ ഹവാല ഇടപാടുകളുള്ള റബിൻസ് ഫൈസൽ ഫരീദിനെ മുൻനിർത്തി പ്രവർത്തിക്കുകയായിരുന്നെന്നാണ് കസ്റ്റംസ് നിഗമനം.
അതേ സമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ശിവശങ്കറിന്റെ മൊഴികളിൽ വൈരുധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും തമ്മിൽ വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളത് എന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ബിസിനസ് പരമായ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് മൊഴിയിൽ ശിവശങ്കർ ഉറച്ചു നിൽക്കുകയാണ്.