കൊച്ചി: എസ്എഫ്ഐ മുൻ വനിതാ നേതാവിന് മാർക്ക് ദാനം ചെയ്ത കാലിക്കറ്റ് സിൻഡിക്കേറ്റ് തീരുമാനത്തെ എതിർത്ത വിമൻസ് സ്റ്റഡീസ് പ്രൊഫസർ ഡോ.മോളി കുരുവിളക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളാനുള്ള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സർവ്വകലാശാല ചട്ടവിരുദ്ധമായി മാർക്ക് നൽകിയ നടപടിക്ക് തിരിച്ചടിയായി ഹൈക്കോടതി നടപടി.
10 വർഷം മുമ്പ് എംഎ പരീക്ഷ പാസായ മുൻ എസ്എഫ്ഐ നേതാവായ ഡയാന എന്ന വിദ്യാർഥിനിക്കാണ് സിൻഡിക്കേറ്റ് 21 മാർക്ക് ദാനമായി നൽകാൻ ഇപ്പോൾ തീരുമാനിച്ചത്. കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി സർവകലാശാലയിൽ നിയമിതയായിട്ടുള്ള ഡയാനയ്ക്ക് സ്ഥിരം നിയമനത്തിന് സഹായകമാകുന്നതിനാണ് മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചതെന്നാണ് ആക്ഷേപം.
ഹാജർ കുറവുള്ളതുകൊണ്ട് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഹാജറിനുള്ള ഇന്റേണൽ മാർക്ക് നൽകാൻ വ്യവസ്ഥ ഇല്ല എന്ന മുൻ വിസി യുടെ ഉത്തരവ് മറികടന്നാണ് മാർക്ക് ദാനം നടത്തിയത്.
സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടും മാർക്ക് കൂട്ടിനൽകാൻ വിസമ്മതിച്ച വകുപ്പു മേധാവി ഡോക്ടർ. മോളി കുരുവിളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
പ്രസ്തുത തീരുമാനത്തിനെതിരെ മുതിർന്ന അഭിഭാഷകൻ ശ്രീ. ജോർജ് പൂന്തോട്ടം മുഖേന പ്രൊഫസർ ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാനും മേൽനടപടികൾ സ്റ്റേ ചെയ്യുവാനും ജസ്റ്റിസ് സി. എസ്.പയസ് ഉത്തരവിട്ടു.