ചെന്നൈ: തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട ജയരാജിന്റെ മൂത്തമകൾ പെർസിസിന് തമിഴ്നാട് സർക്കാർ ജോലി നൽകി. സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായിട്ടാണ് നിയമനം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കെ പളനി സ്വാമി നിയമന ഉത്തരവ് കൈമാറി.
ജയരാജിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മകൾക്ക് ജോലി നൽകിയിരിക്കുന്നത്. അച്ഛന്‍റെയും ഇളയ സഹോദരന്റെയും മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായി പെർസിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അവർ പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന കുറ്റത്തിനാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും ജൂൺ 19ന് സാത്താൻകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇവര്‍ക്ക് ക്രൂരമർദനമേറ്റിരുന്നു.
ബെന്നിക്സ് ജൂൺ 22നും ജയരാജ് അതിനടുത്ത ദിവസവുമാണ് സർക്കാർ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബഞ്ചിൽ കേസെത്തി. ആദ്യം കേസ് അന്വേഷിച്ച സിബി സിഐഡി പത്ത് പൊലീസുകാരെ അറസ്റ്റ് ചെയ്തു. നിലവിൽ കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.