ഏഴ് ടിപ്പറുകളും ബെന്‍സ് കാറുമായി കോതമംഗലം ടൗണില്‍ റോഡ് ഷോ; പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസ്

കോതമംഗലം: ഇടുക്കി തണ്ണിക്കോട്ട് നിശാപാര്‍ട്ടി സംഘടിപ്പിച്ച കേസിലെ പ്രതി കോതമംഗലത്ത് റോഡ് ഷോ നടത്തി വീണ്ടും വിവാദത്തിൽ. കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് കോതമംഗലം ടൗണില്‍ റോഡ് ഷോ നടത്തിയ സംഭവത്തില്‍ റോയ് കുര്യനെതിരേ പൊലീസ് കേസെടുത്തു.

ഇന്നലെയാണ് റോയിയ്ക്ക് ഏഴ് പുതിയ ടിപ്പര്‍ ലോറികളും ബെന്‍സ് കാറും എത്തിയത്. അതിനോടനുബന്ധിച്ച് ഇന്ന് കോതമംഗലത്ത് ഈ വാഹനങ്ങളുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. ഭൂതത്താന്‍കെട്ട് ഡാമിനടുത്തായിരുന്നു ഫോട്ടോഷൂട്ട്. അതിന് ശേഷമാണ് ഡാമിനടുത്ത് നിന്നും കോതമംഗലം വരെ റോഡ് ഷോ നടത്തിയത്.എട്ട് ലോറികളുമായാണ് റോയ് റോഡ് ഷോ നടത്തിയത്. ബെന്‍സ് കാറിന് മുകളിലിരുന്ന് നാട്ടുകാരെ കൈ വീശി കാണിച്ചാണ് റോയ് കുര്യന്‍ യാത്ര ചെയ്തത്. ഇതിന് പിറകിലായിട്ടായിരുന്നു ലോറികള്‍ സഞ്ചരിച്ചത്.
ഏഴ് പുതിയ ടിപ്പര്‍ ലോറികള്‍ക്കൊപ്പം ഒരു പഴയ ടിപ്പര്‍ ലോറിയും റോഡ് ഷോയിലുണ്ടായിരുന്നു.

റോഡ് ഷോ കോതമംഗലം ടൗണ്‍ കഴിഞ്ഞുപോകുന്നതിനിടെയാണ് പൊലീസെത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അപകടകരമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ശാന്തന്‍പാറയ്ക്ക് സമീപം രാജാപ്പാറയിലെ റിസോര്‍ട്ടില്‍ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ച സംഭവത്തില്‍ സംഘാടകന്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റ് ചെയ്തിരുന്നു.

ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28-ന് നിശാ പാര്‍ട്ടിയും ബെല്ലി
ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ
പ്രചരിപ്പിക്കുകയായിരുന്നു.